2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

വെറുതെ കുറിച്ച വാക്കുകൾ

മൗനങ്ങൾ പാടുന്നു
കരിയുന്ന ചിന്തകൾക്കുള്ളിൽ
ചിതലുകൾ പൊതിയുന്ന കാഴ്ചപ്പാടുകൾക്കുള്ളിലിരുന്നെന്റെ
ആദർശം വികൃതമായി പുഞ്ചിരിക്കുന്നു,
എന്റെ നഷ്ടസ്വർഗ്ഗങ്ങൾ നരകങ്ങൾക്കുള്ളിലായിരുന്നു.
എന്റെ നരകങ്ങളോ എപ്പോഴും സ്വർഗ്ഗത്തെ എത്തിപിടിക്കാനാവാതെ വലഞ്ഞൂ..
ആ നരക (സ്വർഗ്ഗ) ങ്ങൾക്കിടയിൽ ഞാൻ വെന്തു നീറി മരിച്ചു കൊണ്ടിരിക്കുന്നു..
നാളെ ,
എന്റെ അഴുകിയ മൃതദേഹത്തിനരികിൽ
ഒരു കഴുകനും എത്തില്ല ..
കാരണം ,
എന്റെ ആദർശങ്ങളോടും
എന്നോടും ,
വെറുപ്പു നുരക്കും ...
അവക്ക് പോലും ...

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

തൊട്ടാവാടിക്കും പറയാനുണ്ട്..

തൊട്ടാവാടിക്കും പറയാനുണ്ട്.
-- ----------------------

ഹേ മനുഷ്യാ ,
നീ എന്തിനാണ് എന്നെ പരിഹസിക്കുന്നത്.?
ഭീരുത്വത്തിന്റേ പ്രതീകമായി, പ്രതികരിക്കാത്തവളായി
എന്നെ കാണുന്നത്?
പറമ്പിലെ അനാഥയായി..
ആരേയും കേറി പിടിക്കുന്ന
മേലുടക്കുന്നവളായി കാണുന്നത്?
ഒരു നിമിഷമെന്നെ സ്പർശിക്കാതെ സൂക്ഷിച്ചു നോക്കൂ..
എന്റെ പൂവിന്റെ ഭംഗി
കായ്കളുടെ വർണ്ണം
ഇലകളുടെ അച്ചടക്കം,
അതു കാണാൻ നിന്റെ കണ്ണുകൾക്ക് 'കാഴ്ച്ച ' പോരെന്നാകിലും
നീ സ്മരണ വെച്ചോളൂ,
മുള്ളുണ്ടെന്നാകിലും, നീ തൊടുമ്പോൾ താഴ്ത്തുന്നത് പേടി കൊണ്ടല്ല, ലജ്ജ കൊണ്ടു മല്ല മറിച്ച് എളിമ കൊണ്ടാണ്.
വർഗ്ഗ പാരമ്പര്യമായ് ഞങ്ങൾക്കുള്ള വിനയം കൊണ്ടാണ് ..
മനുഷ്യാ ,അതു നീ അറിയാതെ പോയി..
അഥവാ അറിയാൻ ശ്രമിക്കാതെ പോയി.
അന്യരുടെ കുറവിനെ ആഘോഷിക്കുന്ന മനുഷ്യാ നീ മുദ്രകുത്തി ...
'തൊട്ടാവാടി പേടിത്തൊണ്ടനാണ് '
ആരറിവൂ സത്യം?
ആരറിവാൻ ശ്രമിപ്പൂ ഞങ്ങൾ തൻ ചിത്തം. ...!