2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

സഹധർമ്മിണി

ഒരിടത്ത് ഒരു കെട്ടിടം പണിക്കാരൻ ഉണ്ടായിരുന്നു..ഹ്യദയവിശുദ്ധിയും വിശാല മനസ്കനുമായ അയാൾ  ഒരു അനാഥ പെണ്ണിനെ വിവാഹം കഴിച്ചു...ഒന്നുമില്ലാതെ അനാഥാലയത്തിൽ വളർന്ന അവൾക്ക് എന്തിനോടും ആർത്തിയായിരുന്നു..ഭക്ഷണത്തിനോടും,ആഭരണത്തിനോടും,വസ്ത്രങ്ങളോടുമൊക്കെഅവൾക്ക് വല്ലാത്ത ഭ്രമമായിരുന്നു..അയാളാവട്ടെ അവൾ ഒരു അനാഥ ആയതു കൊണ്ടും ,അവർക്കു കുട്ടികൾ ഇല്ലാത്തതു കൊണ്ടും അവളെ വല്ലാതെ സ്നേഹിക്കുകയും,ഇഷ്ടങ്ങളൊക്കെ സാധിക്കുകയും ചെയ്തു പോന്നു....
ദിവസകൂലിക്കാരനായ അയാൾ  കിട്ടുന്ന കാശൊക്കെ അവളെ ഏൽപ്പിച്ചു...അവളാകട്ടെ അവളുടെ ആവശ്യങ്ങളെല്ലാം നടത്തി പോന്നു...അങ്ങനെയിരിക്കെ അയാൾക്ക്  ഒരപകടം പറ്റി..അയാൾ വീട്ടിലിരുപ്പായി...ചികിത്സക്കു തെന്നെ  നല്ലൊരു തുക ചിലവായി....പോകെ പോകെ അവരുടെ കാര്യങ്ങളെല്ലാം അവതാളത്തിലായി...നിത്യ വൃത്തിക്കു പോലും വകയില്ലാത്ത ആ സമയത്ത് അയാളുടെ ഒരു ബന്ധു അവരെ സന്ദർശിക്കാനെത്തി...അയാൾ   ഭർത്താവിനോടു പറഞ്ഞു..
'' എടാ..നിന്റെ കാര്യമാ ഇപ്പോൾ നാട്ടുകാരു പറയുന്നേ...നീ ഇങ്ങനൊരു കോന്തനായി പോയല്ലോ...കിട്ടുന്ന കാശൊക്കെ അവൾക്ക് ധൂർത്തടിക്കാൻ കൊടുത്തു.ഇപ്പോൾ ഒരാവശ്യം വന്നപ്പോ കണ്ടില്ലേ ...കഷ്ടം തെന്നെ...''  ...
എന്നാൽ ഭർത്താവു കൊടുത്ത മറുപടി ഇതായിരുന്നു...
''അവൾ എന്റെ ഭാര്യയാണ്..ഈ ലോകത്ത് അവൾക്ക് ഞാനും എനിക്കവളും മാത്രമേയുള്ളൂ...അവളുടെ സന്തോഷങ്ങളിൽ ഞാൻ സന്തുഷ്ടനായിരുന്നു...അവളുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ ഞാനല്ലാതെ മറ്റാരുമില്ലല്ലോ...അതു കൊണ്ടെനിക്ക് കുറ്റ ബോധമില്ല..'' ഈ മറുപടി കേട്ട ബന്ധു ..''നീയനുഭവിച്ചോ '' എന്നും പറഞ്ഞ് എണീറ്റു പോയി. ഈ സംഭാഷണം അവിചാരിതമായി അവൾ കേട്ടു...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
പിറ്റേന്ന് അവൾ ഭർത്താവിനോടു പോലും പറയാതെ ഒരു സ്ഥലം വരെ പോയി . തിരികെ വന്ന് ഭർത്താവിന്റെ കൈയ്യിൽ ഒരു ബാഗ് കൊടുത്തു ...അയാൾ  ആശ്ചര്യത്തോടെ അതു തുറന്നു നോക്കി...അതു നിറച്ചും പണമായിരുന്നു... അയാൾ വെപ്രാളത്തോടെ അവളോട് ഇതെവിടെ നിന്നും ലഭിച്ചു എന്നന്ന്വേഷിച്ചു...
അപ്പോൾ അവൾ അയാളെ  കെട്ടിപിടിച്ച്, മൂർദ്ദാവിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു...
''ചേട്ടൻ പേടിക്കണ്ട ,ഇതു ചേട്ടന്റെ കാശു തെന്നെയാണ്. എന്നും എന്നെ ഏൽപ്പിക്കുന്ന കാശിൽ നിന്നും ഞാൻ അല്പ്പം മാറ്റി വെച്ച് ഒരു ചിട്ടി വെയ്കുന്നുണ്ടായിരുന്നു...ആ പൈസയാണ് ഇത്....''
അയാൾ ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല....ഇരുവരും,,,,പരസ്പരം പുണർന്ന് കരഞ്ഞു.....സന്തോഷം കൊണ്ട്....താൻ തോറ്റു പോയില്ലല്ലോ എന്നു ഭാര്യയും,തന്നെ തോൽപ്പിച്ചില്ലല്ലോ എന്നു ഭർത്താവും ഓർത്തു കൊണ്ട്....

ദാമ്പത്യം ...പവിത്രമാണ്....നിഷ്കളന്കമായി എന്തും നിങ്ങൾ പന്കാളിക്കു കൊടുത്തു  നോക്കൂ  തിരിച്ചു കിട്ടും ഉറപ്പ്...

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ചിത

'മനസ്സി'ന്റെ തെക്കെ അറ്റത്ത്...
'ജീവിത'മെന്ന വൃക്ഷത്തിന്റെ
'അനുഭ'വമെന്ന ചില്ലകൾ കൊണ്ട്,
ഞാനൊരു ചിതയൊരുക്കി...
നാളിതു വരെയുള്ള 'സ്വപ്നങ്ങളും',
'മോഹങ്ങളും', 'ആഗ്രഹങ്ങളും','ഇഷ്ടങ്ങളും' അതിലടുക്കി...
'കണ്ണീരു 'കൊണ്ട് 'പുണ്യാഹം' തളിച്ചു...
കയ്യിലവശേഷിച്ച 'നിരാശ 'കൊണ്ട്
തീ കൊളുത്തി...
ചിത കത്തിയമർന്നപ്പോൾ
'മൗന' മെന്ന ചിതാഭസ്മമെടുത്ത്
'ആത്മ നിന്ദ'യുടെ പുഴയിലൊഴുക്കി..
ഹാ ഇപ്പോൾ
എന്തൊരാനന്ദം.....!!

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

ബാല്യം

ആരുടേയോ പഴകിയ ഉടുപ്പുകൾ
മാത്രം ധരിച്ചിരുന്ന) ,
നിറം കുറഞ്ഞ നരച്ച എന്റെ ബാല്യം....
മൂന്നു നേരം തികച്ചുണ്ണാൻ
ഗതിയില്ലാഞ്ഞമ്മ ,
കൈ പിടിച്ചലഞ്ഞ വെയിലേറ്റു
തളർന്ന ബാല്യം...
യവ്വനം കുടിച്ചു മദിക്കുന്ന പിതാവിന്റെ ,
മർദ്ദനമേറ്റമ്മ നിലവിളിക്കുമ്പോൾ
അതു കേട്ടു പാതിരാക്ക്
ഞെട്ടിയുണർന്ന്
തേങ്ങി കരയുന്ന ബാല്യം...
വർഷ കാലത്ത് ചോരുന്ന കുടിലിൽ അമ്മയുടെ കുടന്നയിൽ
ചൂടുപറ്റി ഉറങ്ങിയ ബാല്യം...
കളിപ്പാട്ടങ്ങളില്ലാത്ത, എന്നെ കാലം കളിപ്പിച്ച ബാല്യം...
ഹാ, കാലമേ.....
തിരികെ വരാമെന്കിൽ എനിക്കെന്റെ ബാല്യം തിരിച്ചു തരൂ...
ദുരിതമാണെന്കിലും..
അന്നത്തെ നിന്നിലെ എന്നെ
ഞാൻ ഇന്നും സ്നേഹിക്കുന്നു.... കാരണം ...
വലുതായതിൽ പിന്നെ നിന്നോളം നിഷ്കളന്കത ഞാൻ ഇന്നോളം അനുഭവിച്ചില്ല !!!.....

പൂക്കാത്ത വൃന്ദാവനം

മാധവാ....
ഞാൻ എന്റെ  വേദനകളോട് അടരാടി തളർന്നുറങ്ങുമ്പോൾ...നീ നിന്റെ വേണുവുമായ്
എന്റെ  അരികിൽ വരൂ.....
കണ്ണീരു പറ്റിപിടിച്ച
എന്റെ  കൺപോളകളിൽ
നിന്റെ
ചുണ്ടുകൾ ചേർത്തു വെക്കൂ...
ചന്ദനം മണക്കുന്ന  നിന്റെ  കൈവിരലുകളാൽ മിഴിനീരൊഴുകിയ എന്റെ  കവിളുകൾ
സ്പർശിക്കൂ...
എന്റെ  വേദനിക്കുന്ന ചിന്തകൾ ഉത്ഭവിക്കുന്ന ശിരസ്സിൽ നീ നിന്റെ  കരങ്ങളാൽ പതിയെ തലോടൂ...
മറ്റാരിലാണ് ഞാൻ അഭയം കാണേണ്ടത്...?
മറ്റെന്തിനാണ് നിന്നേക്കാൾ കരുണയുള്ളത്...?
ഏകാന്തതയുടെ നശിച്ച ഇരുളിൽ ഞാൻ ഒറ്റക്കാവുമ്പോൾ,
നീ ഒരിക്കലെന്കിലും വരുമെന്നു കരുതി,
ഓരോ രാത്രിയും
കണ്ണീരർച്ചന ചെയ്യുമ്പോഴും ,
ഞാൻ വിശ്വസിക്കുന്നു...
ഇന്നെലെയും നീ എന്നരികിൽ വന്നിരുന്നു....
ഇന്നും വരും
എന്റെ  മാധവൻ....!!

  
      

ചുവന്ന പ്രണയം

എന്റെ  ഗുൽ മോഹർ..
നീയെപ്പോഴാണ്...
എന്നിൽ ചുവന്നിറങ്ങിയത്‌..
എനിക്കറിയില്ല ,
എപ്പോഴാണ് ഞാൻ നിന്റെ ,
ചുവപ്പിൽ ഭ്രമിച്ചലിഞ്ഞതെന്ന്...
അസ്ഥിയുരുക്കുന്ന വേനലിൽ..
നീ തണലും,തണുപ്പും..പിന്നെ
കണ്ണിനു കുളിർമ്മയും
നല്കിയതിനാലാവാം...
അല്ലെന്കിൽ
എന്റെ ഹൃദയത്തിൽ തപിക്കുന്ന,
വ്യഥക്കു നിന്റെ നിറമുള്ളതിനാലാവാം..
നിന്നെ സ്നേഹിച്ചു പോയി...
പക്ഷേ...എന്റെ
പഴകി തുടങ്ങിയ ഓർമ്മകളുടെ
ഭാണ്ഡത്തിലിന്ന്...പുറത്തേക്കു വമിക്കുന്നത്
നിന്റെ യവ്വനത്തിന്റെ ഗന്ധമല്ല..
മറിച്ച്,നിന്റെ അവസാനപൂവും
ഇറുന്നു വീണ്..മണ്ണിൽ വീണരഞ്ഞു
ചേർന്ന ദുർഗന്ധമാണ്....
എന്കിലും...
ചുവന്ന പ്രണയമേ...
എന്റെ ഹൃത്തിലെ ചുവന്ന തുടിപ്പ്
നിലക്കും വരെ..
നീയുമെൻ ഹൃത്തിൽ നിറഞ്ഞു
നില്ക്കും.....